ലോകത്ത് ഇതുവരെ മനുഷ്യർ കണ്ടെത്തിയ താരസമൂഹങ്ങളിൽ ഏറ്റവും പഴയ താരാപഥമായിട്ടാണ് ഗ്ലാസ് സെഡ് 13 പരിഗണിക്കപ്പെടുന്നത്



 പുറത്തുവിടാതിരുന്ന വിവരക്കൂട്ടത്തിൽ നിന്നു സൃഷ്ടിച്ച ഒരു ചിത്രം ലോകത്തിലെ ഏറ്റവും പ്രാചീനമായ ഗാലക്സികളിലൊന്നിന്റേതാണെന്ന് ഇപ്പോൾ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. 1350 കോടി വർഷങ്ങൾ മുൻപുള്ള ഗ്ലാസ് സെഡ് 13 എന്ന താരാപഥത്തെയാണ് ജയിംസ് വെബിന്റെ ചിത്രങ്ങളിൽ നിന്നു ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

ലോകത്ത് ഇതുവരെ മനുഷ്യർ കണ്ടെത്തിയ താരസമൂഹങ്ങളിൽ ഏറ്റവും പഴയ താരാപഥമായിട്ടാണ് ഗ്ലാസ് സെഡ് 13 പരിഗണിക്കപ്പെടുന്നത്. പ്രപഞ്ചത്തിന്റെ ഉദ്ഭവത്തിനു കാരണമായ ബിഗ് ബാങ് സ്ഫോടനം നടന്ന് 30 കോടി വർഷങ്ങൾ പിന്നിട്ടതിനു ശേഷമാണ് ഈ നക്ഷത്ര സമൂഹം ഉടലെടുത്തത്. അനാദിയിൽ സ്ഥിതി ചെയ്ത ഒരു താരാപഥമാണിതെന്ന് സാരം. പ്രപഞ്ചത്തിന്റെ സ്ഥാപിതകാലത്തെയാണ് ഇതു പ്രതിനിധീകരിക്കുന്നത്. ഈ താരസമൂഹത്തിന്റെ കൃത്യമായ പഴക്കം നിർണയിക്കാൻ ശാസ്ത്രജ്ഞർക്ക് സാധിച്ചിട്ടില്ല. ഹാർവഡ് സർവകലാശാലയുടെ അസ്ട്രോഫിസിക്സ് കേന്ദ്രത്തിലെ ശാസ്ത്രജ്ഞനും ഇന്ത്യൻ വംശജനുമായ റോഹൻ നായിഡുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയിംസ് വെബ് ചിത്രങ്ങളിൽ നിന്നും ഈ ഗാലക്സിയെ കണ്ടെത്തി വിവരങ്ങൾ പുറത്തറിയിച്ചത്. ജയിംസ് വെബ്ബിന്റെ നിയർ ഇൻഫ്ര റെഡ് ക്യാമറ അഥവാ നിർക്യാമാണ് ഈ ഗാലക്സിയുടെ ചിത്രങ്ങൾ പകർത്തിയത്. റോഹൻ നായിഡുവിനൊപ്പം ഇരുപത്തിയഞ്ചോളം ശാസ്ത്രജ്ഞർ ഈ ചിത്രം വിലയിരുത്താനായി രംഗത്തുണ്ട്. ചിത്രത്തിൽ ചുവന്ന നിറമുള്ള ഒരു പൊട്ടുപോലെയാണ് താരാപഥം കാണാൻ കഴിയുന്നത്.

No comments:

Post a Comment