അല്പം സാഹസികതയും വ്യത്യസ്തമായ സ്ഥലങ്ങൾ സന്ദർശിക്കാനും താൽപര്യമുണ്ടെങ്കിൽ കോഴിക്കോട്ടുകാർക്ക് വിളിപ്പാടകലെ അതിനു പറ്റിയ ഒരു സ്ഥലമുണ്ട്- വെള്ളിയാങ്കല്ല്. പയ്യോളി ബീച്ചിൽ നിന്നും പതിമൂന്നു കിലോമീറ്റർ പടിഞ്ഞാറ് അറബിക്കടൽ തലയുയർത്തി നിൽക്കുന്ന ഒരു തുരുത്താണ് വെള്ളിയാങ്കല്ല്. പയ്യോളി ബീച്ചിൽ നിന്നും നോക്കിയാൽ വെള്ളിയാങ്കല്ല് സാഹസികരെ പ്രലോഭിപ്പിച്ച് തിളങ്ങി നിൽക്കുന്നത് കാണാം.
അടുത്ത് ചെല്ലുമ്പോൾ നമ്മൾ ആദ്യം കാണുക കരയ്ക്കഭിമുഖമായി കുടവിരിച്ചത് പോലെ പറന്നുയർന്നു നില്ക്കുന്ന ഒരു വലിയ പാരയാണ്. രണ്ടേക്കറോളം വരുന്ന തുരുത്ത് മുഴുവൻ പാരയാണ്. വെള്ളിയാങ്കല്ലിനോട് ചേർന്നുള്ള ലഗൂണിലെ സ്പടിക സമാനമായ വെള്ളത്തിന് ഉപ്പുരസമില്ല!
ദേശാടനപ്പക്ഷികളുടെ ഇഷ്ടതാവളമാണ് വെള്ളിയാങ്കല്ല്. കടൽപ്പക്ഷികളുടെയും ദേശാടനപ്പക്ഷികളെയും നിരീക്ഷിക്കാൻ അനുയോജ്യമായ സ്ഥലം.
മലബാറിന്റെ നാവിക ചരിത്രത്തിൽ ഇടംപിടിച്ച സ്ഥലമാണ് വെള്ളിയാങ്കല്ല്. പോർച്ചുഗീസ് നാവികപ്പടയുമായി ഏറ്റുമുട്ടിയ കുഞ്ഞാലിമരക്കാരുടെ നാവികസേന വെള്ളിയാങ്കല്ലിനു പിന്നിൽ തോണിയിൽ പതിയിരുന്നു പോർച്ചുഗീസ് കപ്പലുകൾക്ക് നേരെ മിന്നലാക്രമണം നടതിയിരുന്നുവേത്രേ. പീരങ്കിയുണ്ടയുടെ പാടുകൾ ഇപ്പോഴും ഈ പാറക്കൂട്ടങ്ങളിലുണ്ടെന്ന് പറയപ്പെടുന്നു. കുഞ്ഞാലിമരക്കാരെ പോർച്ചുഗീസ് കാരൻ വധിച്ചപ്പോൾ പകരം വീട്ടാൻ മരക്കാരുടെ ഒരു മരുമകൻ നാടുകാരായ കുറേ ചെറുപ്പക്കാരുടെ സഹായത്തോടെ നൂറുകണക്കിന് പോർച്ചുഗീസ് നാവികരെ ബന്ദികളാക്കി വെള്ളിയാങ്കള്ളിൽ കൊണ്ടുപോയി വധിച്ചുവെന്നും പോർച്ചുഗീസ് കാർ അതിനു ശേഷം ഈ പാറക്കൂട്ടത്തെ "ബലിക്കല്ല്" എന്നു വിളിച്ച് തുടങ്ങിയതെന്നും അത് പരിണമിച്ചാണ് 'വെള്ളിയാങ്കല്ല്' എന്നായി മാറിയതെന്നും വാദമുണ്ട്.
സാഹിത്യത്തിലും ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട് വെള്ളിയാങ്കല്ല്. ജനിമൃതികൾക്കിടയിൽ ആത്മാക്കളുടെ വിശ്രാന്തിസ്ഥാനം എന്ന് എം മുകുന്ദൻ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' എന്ന നോവലിൽ വിവരിക്കുന്ന, 'പുതുപ്പണം കോട്ട' എന്നാ തിക്കോടിയന്റെ നാടകത്തിൽ പരാമർശിക്കുന്ന വെള്ളിയാങ്കല്ല് പോർച്ചുഗീസ് സാഹിത്യത്തിലും ഇടം പിടിച്ചിട്ടുണ്ട്. പോർച്ചുഗീസ് നാവികരുടെ ക്രൂരതയിൽ മനംനൊന്ത ഒരു പോർച്ചുഗീസ് കവി എഴുതിയ അതി മനോഹരമായ ഒരു കവിതയാണ് 'ആയിഷ' . ആയിഷയെന്ന സുന്ദരിയായ ഒരു പെണ്‍കിടാവിനെ കശ്മലന്മാരായ പോർച്ചുഗീസ് നാവികർ കേരള തീരത്ത് നിന്നും ബലമായി പിടിച്ച് കൊണ്ടുപോയി വെല്ലിയാങ്കല്ലിൽ വച്ച് ബലാൽസംഗം ചെയ്ത്കൊന്നതാണ് കവിതയിലെ പ്രമേയം. വെല്ലിയാങ്കല്ലിൽ നാം കാണുന്ന തുംബികളിലോന്നു ആയിഷയുടെ ആത്മാവകാം.
ഒക്ടോബരിനും മാർച്ചിനുമിടയ്ക്കുള്ള സമയമാണ് വെള്ളിയാങ്കല്ല് സന്ദർശിക്കാൻ പറ്റിയത്. ഈ മാസങ്ങളിൽ തിര കുറവായതിനാൽ ബോട്ടിന് പാറക്കൂട്ടത്തിന് തൊട്ടടുത്ത് വരെ ചെല്ലാനായെക്കും. എന്നാൽ പാറയിലിരങ്ങണമെങ്കിൽ വള്ളം തന്നെ വേണം. പരിചയമുള്ള മത്സ്യതൊഴിലാളികളുടെ സഹകരണം ആവശ്യമായി വരും. ലൈഫ് ജാക്കറ്റ് കരുതണം. കൊയിലാണ്ടി, പയ്യോളി, വടകര, മാഹി എന്നീ സ്ഥലങ്ങളിൽ എവിടെ നിന്നും വെല്ലിയാങ്കല്ലിലെക്കു പോകാം. മോട്ടോർ ബോട്ടിൽ ഏതാണ്ട് ഒരു മണിക്കൂർ സമയം യാത്രയുണ്ട്. ചില പ്രാദേശിക ടൂർ ഒപ്പരെറ്റർമാർക്ക് വെല്ലിയാങ്കല്ലിലെക്ക് ടൂർ പ്രോഗ്രാമുകളുമുണ്ട്.
No comments:
Post a Comment