ലോകത്തിലെ ഏറ്റവും വലിയ സൗരദൂരദര്‍ശിനിയുടെ നിര്‍മാണം ഹവായ് ദ്വീപില്‍ പുരോഗമിക്കുകയാണ്. സൗരവാതങ്ങളുടെ ദിശയും, തീവ്രതയുമെല്ലാം മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയുന്ന ഈ ഭീമന്‍ ദൂരദര്‍ശിനിയുടെ നിര്‍മാണം 2019ല്‍ പൂര്‍ത്തിയാകും. ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബ്രിട്ടനിലെ എട്ടു സര്‍വകലാശാലകളും, അമേരിക്കയിലും യൂറോപ്പിലുമുള്ള 22 ഗവേഷണ സ്ഥാപനങ്ങളും ചേര്‍ന്നാണ് ഈ സൂപ്പര്‍ ടെലക്സ്കോപ്പിന്റെ നിര്‍മാണത്തിന് ചുക്കാന്‍പിടിക്കുന്നത്. 525 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചെലവു പ്രതീക്ഷിക്കുന്ന ഈ ജ്യോതിശാസ്ത്ര വിസ്മയത്തിന്റെ നിര്‍മാണത്തിന്റെ മുഖ്യ കരാറുകാര്‍ ഹവായിലുള്ള യുഎസ് നാഷണല്‍ സോളാര്‍ ഒബ്സര്‍വേറ്ററിയാണ്. സാമ്പത്തിക സഹായംചെയ്യുന്നത് യുഎസ് നാഷണല്‍ സയന്‍സ് ഫൗണ്ടേഷനുമാണ്. ഹവായ് ദ്വീപിലെ ഹലേകല പര്‍വതത്തില്‍ നിര്‍മിക്കുന്ന ഡാനിയല്‍ കെ ഇന്വേയ് സോളാര്‍ ടെലസ്കോപ്പ് എന്ന ഈ സൗരദൂരദര്‍ശിനി ഇപ്പോള്‍ നിലവിലുള്ള സൗരദൂരദര്‍ശിനികളെയെല്ലാം ബഹുദൂരം പിന്നിലാക്കുന്ന സാങ്കേതിക മേന്മയുള്ള ടെലസ്കോപ്പാണ്.
ഈ ദൂരദര്‍ശിനിയുടെ നാലുമീറ്റര്‍ വ്യസമുള്ള മുഖ്യദര്‍പ്പണം സൗരോപരിതലത്തിന്റെ ഇതുവരെ കാണാന്‍കഴിയാത്ത ദൃശ്യങ്ങള്‍ ഒപ്പിയെടുക്കും. 100 കിലോമീറ്റര്‍ അകലെയുള്ള ഒരു നാണയത്തില്‍നിന്ന് അത് നിര്‍മിച്ച വര്‍ഷം തിരിച്ചറിയാന്‍ കഴിയുന്നത്ര സൂക്ഷ്മതയുണ്ട് ഈ ദൂരദര്‍ശിനിയുടെ കണ്ണുകള്‍ക്ക്.സൂര്യന്റെ അന്തരീക്ഷപാളികളായ ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍, കൊറോണ എന്നിവയിലെ പ്രവര്‍ത്തനങ്ങളും കാന്തിക പ്രതിപ്രവര്‍ത്തനങ്ങളും ഹൈസ്പീഡ് സ്പെക്ട്രോ സ്കോപ്പിയിലൂടെ ഒപ്പിയെടുക്കാന്‍ ഈ ദൂരദര്‍ശിനിക്കു കഴിയും.
സൗരവാതങ്ങള്‍ തീവ്രമാകുന്നത് വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനം തകരാറിലാക്കുകയും, വൈദ്യുത വിതരണ ശൃംഖലയെ താറുമാറാക്കുകയും ചെയ്യാറുണ്ട്. ഇത്തരം തീവ്രവികിരണങ്ങള്‍ ഭൗമജീവന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയാണ്. സൗരവാതങ്ങളുടെ ദിശ മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയുന്നത് ചില മുന്‍കരുതലുകള്‍ നിര്‍ദേശിക്കാന്‍ ശാസ്ത്രജ്ഞരെ സഹായിക്കും. ഡികെഐഎസ്ടി യുടെ കണ്ണുകള്‍ സൗരവാതങ്ങളെത്തന്നെയാണ് തെരയുന്നത്. സൗര പ്രതിഭാസങ്ങള്‍ 11 വര്‍ഷത്തെ ഇടവേളകളിലാണ് ആവര്‍ത്തിക്കുന്നത്. സൗരചക്രം എന്നാണ് ഈ കാലയളവ് അറിയപ്പെടുന്നത്. ഒരു സൗരചക്രത്തില്‍ സൂര്യന്റെ ആന്തരിക ന്യൂക്ലിയര്‍ പ്രവര്‍ത്തനങ്ങള്‍ തീവ്രമാകുന്ന ഒരു ഘട്ടമുണ്ട്. സോളാര്‍ മാക്സിമം എന്നാണ് ഈ ഘട്ടത്തെ വിളിക്കുന്നത്. ഈ അവസരത്തില്‍ സൂര്യന്‍ തീവ്രമായി ജ്വലിക്കുകയും, സൂര്യകളങ്കങ്ങള്‍ എന്ന് അറിയപ്പെടുന്ന കാന്തിക തുരുത്തുകള്‍ ക്രമാതീതമായി വര്‍ധിക്കുകയും ചെയ്യും. ഇതേത്തുടര്‍ന്ന് ലക്ഷക്കണക്കിന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൗര ആളലുകളും, പ്ലാസ്മ-ദ്രവ്യ ഉത്സര്‍ജനവും അതിവേഗത്തില്‍ സഞ്ചരിക്കുന്ന ചാര്‍ജിത കണങ്ങളുടെ പ്രവാഹവും ഉണ്ടാകും.
സാധാരണയായി സൗരചക്രത്തിന്റെ മധ്യത്തിലാണ് ഈ പ്രതിഭാസങ്ങള്‍ അരങ്ങേറുന്നത്. സൗരപ്രതിഭാസങ്ങള്‍ തീവ്രമാകുന്ന ഈ ഘട്ടം അത്യന്തം അപകടം നിറഞ്ഞതാണ് സൗരവാതങ്ങള്‍ ചിലപ്പോഴെല്ലാം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കാറുണ്ട്. ഭൂമിക്കുചുറ്റുമുള്ള ശക്തമായ കാന്തിക ക്ഷേത്രമാണ് ഈ തീവ്രവികിരണങ്ങളെ തടഞ്ഞുനിര്‍ത്തി ഭൗമജീവനെ സംരക്ഷിക്കുന്നത്. ഇത്തരം വികിരണങ്ങളിലുള്ള ചാര്‍ജിതകണങ്ങള്‍ ഭൂമിയുടെ കാന്തികമണ്ഡലവുമായി പ്രതിപ്രവര്‍ത്തിക്കുന്നതുകാരണമാണ് ധ്രുവദീപ്തി എന്ന പ്രതിഭാസം ഉണ്ടാകുന്നത്. ധ്രുവപ്രദേശങ്ങളിലാണ് ഈ പ്രതിഭാസം ദൃശ്യമാകുന്നത്. ആകാശത്ത് വര്‍ണങ്ങള്‍ വാരിവിതറി ഭ്രാന്തമായ വേഗത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്ന ഈ പ്രതിഭാസം ഒരേസമയം മനോഹരവും ഭീതിജനകവുമാണ്. ഉത്തരധ്രുവത്തില്‍ പ്രത്യക്ഷപ്പെടുന്ന ധ്രുവദീപ്തി അറോറ ബോറിയാലിസ് എന്നും ദക്ഷിണധ്രുവ ദീപ്തി അറോറ ഓസ്ട്രാലിസ് എന്നുമാണ് അറിയപ്പെടുന്നത്. സൗരവാതങ്ങള്‍ കൂടുതല്‍ തീവ്രമായാല്‍ അത് ഭൂമിയുടെ കാന്തികക്ഷേത്രം തകര്‍ത്തുകളയുകയും തീവ്രവികിരണങ്ങള്‍ ഭൗമജീവനെ ചുട്ടുകരിക്കുകയും ചെയ്യും.ഡാനിയല്‍ കെ ഇന്വേയ് എന്ന ജ്യോതിശാസ്ത്രജ്ഞന്റെ പേരില്‍ അറിയപ്പെടുന്ന ഡികെഐഎസ്ടി എന്ന ഡാനിയല്‍ കെ ഇന്വേയ് സോളാര്‍ ടെലസ്കോപ്പ്, അഡ്വാന്‍സ്ഡ് ടെക്നോളജി സോളാര്‍ ടെലസ്കോപ്പ് എന്ന പേരിലാണ് മുമ്പ് അറിയപ്പെട്ടിരുന്നത്.
No comments:
Post a Comment