സൂപ്പര്‍ ആന്റിബയോട്ടിക്ക്


ആന്റിബയോട്ടി ക്കുകളെ ചെറുത്തു നില്‍ക്കാന്‍ ശേഷി ആര്‍ജിക്കുന്ന സൂപ്പര്‍ ബഗ്ഗുകള്‍ എന്നറിയ പ്പെടുന്ന ബാക്ടീരിയകള്‍ വൈദ്യശാസ്ത്ര ഗവേഷകര്‍ക്ക് എന്നും വെല്ലുവിളിയാണ്. ഒരുകാലത്ത് അതിനൂതന ആന്റിബയോട്ടി ക്കുകള്‍കൊണ്ട് കീഴ്പ്പെടുത്തിയിരുന്ന പല മാരകരോഗകാരികളായ ബാക്ടീരിയകളും ഇന്ന് ആര്‍ജിത പ്രതിരോധശേഷിയുമായി തിരികെവരുമ്പോള്‍ ഔഷധ ഗവേഷണരംഗത്തെ കുലപതികള്‍പോലും പകച്ചുനിന്നിരുന്നു. എന്നാല്‍ ഇതിനൊരു പരിഹാരമായി, സൂപ്പര്‍ ബഗ്ഗുകളെ കീഴ്പ്പെടുത്തുന്ന, അവയ്ക്ക് ഒരിക്കലും ചെറുത്തുനില്‍ക്കാന്‍കഴിയാത്ത റ്റെയിക്സൊബാക്റ്റിന്‍ എന്ന സൂപ്പര്‍ ഔഷധവുമായി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചത് അമേരിക്കയിലെ ബൊസ്റ്റണ്‍ ആസ്ഥാനമായ നോര്‍ത്ത് ഈസ്റ്റേണ്‍ സര്‍വകലാശാലയിലെ പ്രൊഫ. കിം ലെവിസും സംഘവുമാണ്.

വിഖ്യാത ശാസ്ത്ര പ്രസിദ്ധീകരണമായ നേച്വര്‍ അതിന്റെ 2015ലെ ആദ്യ ലക്കത്തില്‍ത്തന്നെ അതീവ പ്രാധാന്യത്തോടെ ഈ കണ്ടുപിടിത്തം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ന്യുമോണിയയും ടിബിയും ഉള്‍പ്പെടെ നിരവധി മാരകരോഗങ്ങളെ പാര്‍ശ്വഫലങ്ങളില്ലാതെ റ്റെയിക്സൊബാക്റ്റിന്‍ ഫലപ്രദമായി ചെറുക്കുമെന്ന് പ്രൊഫസ്സര്‍ ലെവിസ് തന്റെ ഗവേഷണഫലങ്ങള്‍ മുന്‍നിര്‍ത്തി അവകാശപ്പെടുന്നു. നിരന്തരമായ ആന്റി ബയോട്ടിക് ഉപയോഗംകൊണ്ട് ബാക്ടീരിയകള്‍ ആര്‍ജിക്കുന്ന പ്രതിരോധശേഷി പുത്തന്‍ റ്റെയിക്സൊബാക്റ്റിന്റെ കാര്യത്തില്‍ നടക്കില്ല എന്നതാണ് ഈ ഔഷധത്തിന്റെ മേന്മ. റ്റെയിക്സൊബാക്റ്റിന്റെ പ്രത്യേക രാസഘടന കാരണം അത് നിരന്തരമായി ഏതെങ്കിലും ബക്ടീരിയക്കെതിരെ ഉപയോഗിച്ചാലും അവയ്ക്ക് പ്രതിരോധശേഷി ആര്‍ജിക്കാന്‍കഴിയില്ലെന്ന് പ്രൊഫ. ലെവിസ് അവകാശപ്പെടുന്നു.യൂറോപ്പില്‍ മാത്രം പ്രതിവര്‍ഷം 25,000 പേരാണ് ഔഷധപ്രതിരോധം ആര്‍ജിച്ച അണുക്കള്‍കൊണ്ടുള്ള രോഗബാധമൂലം മരിക്കുന്നത്. വികസ്വര-അവികസിത രാജ്യങ്ങളിലെ മരണനിരക്ക് ഇതിലും വളരെ ഉയര്‍ന്നതാണ്.
ലോകമെമ്പാടും പുതിയ പകര്‍ച്ചവ്യാധികള്‍ പടരുകയും അവയെ നേരിടുന്നതിനുള്ള ഫലപ്രദമായ ആന്റി ബയോട്ടിക്കുകള്‍ക്ക് ക്ഷാമം നേരിടുകയും ചെയ്യുന്ന ഈ കാലത്ത് പ്രൊഫ. ലെവിസിന്റെയും സംഘത്തിന്റെയും കണ്ടുപിടിത്തം ആഗോളസമൂഹത്തിന് ആശ്വാസം നല്‍കുന്നതാണ്. ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ക്കു വിധേയമാകുന്ന രോഗികള്‍ക്ക് അവിടെനിന്ന് ഉണ്ടാകുന്ന അണുബാധപോലും ആന്റിബയോട്ടിക്കുകളെ ചെറുക്കുന്ന സാഹചര്യം ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തിയിരുന്നു. പുതിയ ഔഷധങ്ങളുടെ കണ്ടുപിടിത്തത്തെക്കാള്‍ വേഗത്തില്‍ നിലവിലുള്ളവയ്ക്കെതിരെ ബാക്ടീരിയ പ്രതിരോധശേഷി നേടിയപ്പോള്‍ അതുണ്ടാക്കിയ ഗൗരവമായ ആശയക്കുഴപ്പം പ്രൊഫ. ലെവിസിന്റെയും സംഘത്തിന്റെയും കണ്ടുപിടിത്തത്തോടെ അകറ്റാന്‍കഴിയും. അമേരിക്കയിലെത്തന്നെ ഔഷധക്കമ്പനിയായ നൊവൊബയോട്ടിക്കുമായി ഗവേഷണ കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള പ്രൊഫ. ലെവിസ് റ്റെയിക്സൊബാക്റ്റിന് കമ്പനിയുടെ പേരില്‍ പേറ്റന്റ് നേടിക്കഴിഞ്ഞു. രണ്ടുവര്‍ഷത്തിനുള്ളില്‍ മനുഷ്യരില്‍ പരീക്ഷണത്തിന് തയ്യാറാകുന്ന റ്റെയിക്സൊബാക്റ്റിന്‍ എല്ലാ ഔഷധ നിയന്ത്രണ കടമ്പകളും കടന്നാല്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ചികിത്സാരംഗത്ത് വ്യാപകമാകും.
ഇതുവരെയുള്ള ഗവേഷണഫലങ്ങള്‍ കാണിക്കുന്നത് റ്റെയിക്സൊബക്റ്റിന് ഒക്സാസിലിനും, വാന്‍കോമൈസിനുംപോലുള്ള ശക്തമായ ആന്റിബയോട്ടിക്കുകള്‍ക്കൊപ്പം നില്‍ക്കാന്‍കഴിയുമെന്നാണ്. കൂടാതെ ഇന്ന് വര്‍ധിതവീര്യത്തോടെ തിരികെയെത്തുന്ന ടിബിയെ നേരിടാന്‍ പരമ്പരാഗത രീതിയിലുള്ള മൂന്ന് ആന്റി ബയോട്ടിക്കുകള്‍ ചേര്‍ത്ത് നല്‍കുന്ന ചികിത്സാരീതിക്കു പകരം റ്റെയിക്സൊബക്റ്റിന്‍ മാത്രം മതിയാകും. ഭൂമുഖത്ത് ലഭ്യമായിട്ടുള്ള അണുജീവികളില്‍ ഒരുശതമാനം മാത്രമാണ് പരീക്ഷണശാലകളിലെ കൃത്രിമ അന്തരീക്ഷത്തില്‍ വളരുന്നത്. ബാക്കി 99 ശതമാനവും പരീക്ഷണശാലകളില്‍ വളര്‍ത്താനാകത്തതുകൊണ്ടുതന്നെ അവയില്‍നിന്നുള്ള ആന്റിബയോട്ടിക് സംയുക്തങ്ങള്‍ വേര്‍തിരിക്കുന്നതും ദുഷ്കരമായിരുന്നു. എന്നാല്‍ പ്രൊഫ. ലെവിസും സംഘവും മണ്ണില്‍ കാണപ്പെടുന്ന ഇത്തരം ബാക്ടീരിയകളെ ഐ ചിപ്പ് എന്ന സംവിധാനത്തിന്റെ സഹായത്തോടെ മണ്ണില്‍ത്തന്നെ വളര്‍ത്തുന്നതിലും അവയില്‍നിന്ന് റ്റെയ്ക്സൊബാക്റ്റിന്‍ വേര്‍തിരിച്ചെടുക്കുന്നതിലും വിജയിച്ചു.
നിരവധി ബാക്ടീരിയകളില്‍നിന്നായി പതിനായിരത്തോളം സംയുക്തങ്ങള്‍ പരിശോധിച്ചതില്‍നിന്നു ലഭിച്ച പെപ്റ്റയിഡ് ആന്റി ബയോട്ടിക് വിഭാഗത്തില്‍പ്പെടുന്ന റ്റെയ്ക്സൊബാക്റ്റിന്‍ എലഫ്തീരിയ ടെറെ എന്ന ശാസ്ത്രനാമത്തിലുള്ള ബാക്ടീരിയയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. രോഗകാരികളായ ബാക്ടീരിയകളുടെ കോശ ഭിത്തിയിലെ ഘടകങ്ങളായ ടീകോയിക്ക് ആസിഡ്, പെപ്ടിഡോ ഗ്ലൈകാന്‍ എന്നിവയുടെ രൂപീകരണം തടഞ്ഞാണ് റ്റെയ്ക്സൊബാക്റ്റിന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത്. ഇത് അണുജീവികളിലെ പ്രോട്ടീനുകളെ ലക്ഷ്യമാക്കാതെ ലിപ്പിഡുകളെ മാത്രം തടയുന്നതുകൊണ്ട് അണുജീവികള്‍ക്ക് റ്റെയ്ക്സൊബാക്റ്റിനെതിരെ പ്രതിരോധം ആര്‍ജിക്കാനും കഴിയില്ല.

ഔഷധ ഗവേഷണരംഗത്ത്പുതിയ അധ്യായം

ഔഷധഗവേഷകരെ സംബന്ധിച്ചിടത്തോളം 1940 മുതല്‍ 1960 വരെയുള്ള 20 വര്‍ഷം സുവര്‍ണ യുഗമായാണ് അറിയപ്പെടുന്നത്. ലോകത്ത് ഇന്നു നിലവിലുള്ള പ്രധാന ഓഷധങ്ങളൊക്കെ പരീക്ഷണശാലകളില്‍നിന്നു പുറത്തുവന്നത് ആ കാലഘട്ടത്തിലാണ്. അതിനുശേഷവും നിരവധി ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ നടന്നെങ്കിലും കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ ഫലപ്രദമായവ ഒന്നും വികസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അടുത്തകാലത്ത് ബയോഇന്‍ഫര്‍മാറ്റിക്സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ അണുജീവികളുടെ കോശങ്ങളിലെ അടിസ്ഥാനഘടകങ്ങളെ ലക്ഷ്യംവച്ച് നടന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും കാര്യമായി മുന്നേറാനായില്ല. ഈ അവസരത്തില്‍ റ്റെയ്ക്സൊബാക്റ്റിന്റെ വരവ് പ്രതീക്ഷയേകുന്നു.

ഔഷധക്കമ്പനികളുടെ ലാഭക്കൊതി എന്നആശങ്കയും

http://www.greanvillepost.com/wp-content/uploads/2011/05/bigPharma2.jpg 

ഒപ്പം റ്റെയ്ക്സൊബാക്റ്റിന്റെ കണ്ടുപിടിത്തത്തിലേക്കു നയിച്ച ഗവേഷണത്തിന് ധനസഹായം നല്‍കിയതും തുടര്‍ന്ന് അതിന് പേറ്റന്റ് നേടിയതും ഒരു സ്വകാര്യ ഔഷധക്കമ്പനിയാണെന്ന വസ്തുത ആശങ്കയ്ക്ക് വകനല്‍കുന്നു. ഔഷധ വിപണിയിലെ കൊള്ള ലാഭക്കൊതി ഇന്ന് വികസ്വര-വികസിത രാജ്യങ്ങളിലെ സാധാരണ ജനങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്. റ്റെയ്ക്സൊബാക്റ്റിനും ഔഷധക്കമ്പനികളുടെ കൊള്ളലാഭം നേടാനുള്ള വഴിക്കുതന്നെ നീങ്ങുകയാണെങ്കില്‍ ഈ ശാസ്ത്ര മുന്നേറ്റത്തിന്റെ ഗുണഫലം സാധാരണക്കാര്‍ക്ക് ഒട്ടും ലഭിക്കില്ല. ശാസ്ത്ര ഗവേഷണ രംഗത്തേക്കുള്ള സ്വകാര്യ മൂലധനത്തിന്റെ ഒഴുക്ക് കൃത്യമായി നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള സംവിധാനം ലോകമെമ്പാടും നിലവില്‍വരേണ്ടതുണ്ട്. ജീവന്‍രക്ഷാ ഔഷധങ്ങളുടെ കമ്പോളത്തിലെ വില നോക്കിയാണ് പല ബഹുരാഷ്ട്ര ഔഷധക്കമ്പനികളും പുതിയ മരുന്നുകള്‍ വികസിപ്പിക്കുന്നതുതന്നെ.
ഇന്ന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തിരിച്ചുവന്നുകൊണ്ടിരിക്കുന്ന പല പകര്‍ച്ചവ്യാധികള്‍ക്കുമെതിരെയുള്ള ഔഷധങ്ങള്‍ വികസിപ്പിക്കുന്നതില്‍ മരുന്നുകമ്പനികള്‍ക്ക് താല്‍പ്പര്യമില്ല. കാരണം പട്ടിണിക്കാരുടെ രാജ്യമായ ആഫ്രിക്കയില്‍ തങ്ങളുടെ പുതിയ മരുന്നുകള്‍ ഉയര്‍ന്ന വിലയില്‍ വാങ്ങാന്‍ ആളില്ല എന്നതുതന്നെ. റ്റെയ്ക്സൊബാക്റ്റിന്റെ കാര്യത്തിലെങ്കിലും ഈ പ്രവണത മാറുമെന്നും അതിനായി ലോകാരോഗ്യസംഘടന ഉള്‍പ്പെടെയുള്ളവരുടെ ഇടപെടല്‍ ഉണ്ടാകുമെന്നും നമുക്കു പ്രത്യാശിക്കാം.
 
 

No comments:

Post a Comment